Friday, May 8, 2015

കുമ്പസാരം

ഇന്നലെ വെളുപ്പിനെ മൂന്നുമണിയോടെ എന്റെ മുമ്പിൽ മാലാഖ പ്രത്യക്ഷപെട്ടു. എന്റെ ഇടതു വശത്ത് മാലാഖ വന്നിരുന്നു. ശുഭ്ര വസ്ത്രം. കയ്യിൽ മാന്ത്രിക വടി.
ഞാൻ ചോദിച്ചു.. : "ഗബ്രിയേൽ മാലാഖ ആണോ..?"
മാലാഖ - "അല്ല"..
"അപ്പൊ പിന്നെ മിഖായേൽ മാലാഖ ആയിരിക്കും..?"
മാലാഖ - "അതെ. മിഖായേൽ മാലാഖ..എന്ത് പറ്റി ?"
"അതേ മാലാഖേ..എനിക്ക് കുറച്ചു കാര്യങ്ങളൊക്കെ പറയണമെന്നുണ്ട്..പറയട്ടെ"..?
മാലാഖ - "പറയൂ കുഞ്ഞാടേ"
"അല്ലേ വേണ്ട..ഞാനൊന്ന് മാലാഖയോട് കുമ്പസാരിച്ചാലോ..?"
മാലാഖ - "പുരോഹിതന്മാരോടല്ലേ കുഞ്ഞാടേ കുമ്പസാരിക്കേണ്ടത്‌..ഞാൻ മാലഖയല്ലേ..?"
"അങ്ങനെ പറയരുത്..ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ..എനിക്ക് കുമ്പസാരിക്കണം."
മാലാഖ - "അത്രയ്ക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക്." മാലാഖ പാപം കേൾക്കാൻ റെഡിയായി..
"മാലാഖേ..ഞാൻ കള്ളം പറഞ്ഞിട്ടുണ്ട്. കട്ടെടുത്തിട്ടുണ്ട്.മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാതെ ഇരുന്നിട്ടുണ്ട്.."
മാലാഖ - "നിർത്ത് നിർത്ത്..ഇത് പിള്ളേരുടെ കുമ്പസാരം. വലിയവരുടെ കുമ്പസാരം നടത്ത്".

"..ഞാൻ കാശ് കട്ടെടുക്കും ."
മാലാഖ - "എവിടുന്നു..?"
"എന്റെ മോൻ പൊന്നപ്പന്റെ കുടുക്കേന്ന്..കഴിഞ്ഞ ആഴ്ച 300 രൂപ എടുത്തു..ഇന്നലെ 200 രൂപാ എടുത്തു.."
മാലാഖ - "കാശ് എന്ത് ചെയ്തു ..?"
" ഞാൻ പൊറോട്ട മേടിച്ചു തിന്നു. ബൈക്കിക്ക് പെട്രോൾ അടിച്ചു.."
മാലാഖ - "ശരി..ബാക്കി പാപങ്ങൾ..?"
"ഭാര്യേടെ പുതിയ ചുരിദാർ ഞാൻ ബ്ലേടിനു വരഞ്ഞു കീറി.."
മാലാഖ (ഞെട്ടലോടെ) - "എന്തിനു..."
"ആ ചുരിദാർ എനിക്കിഷ്ട്ടപെട്ടില്ല..അതോണ്ടാ..അവള് ചോദിച്ചപ്പോ പാറ്റാ കരണ്ടാതാകുമെന്നു പറഞ്ഞു രക്ഷ പെട്ട്..അങ്ങനെ ഇപ്പൊ അവളതു ഇടണ്ട.."
മാലാഖയിൽ നിന്നും ഒരു ദീർഘ ശ്വാസം ഉയർന്നു.
"പിന്നെ മാലാഖേ..ഞാൻ മദ്യം കഴിക്കും..ബാറിൽ പോയല്ല..വീട്ടിൽ വച്ച്.."
മാലാഖ - "ഭാര്യ അറിയാതെ..? അതെങ്ങനെ..?"
"അവള് കുളിക്കാൻ കേറുമ്പോ..അല്ലേ ആ പണ്ടാരം പ്രശ്നമുണ്ടാക്കും.."
മാലാഖ -" ഭാര്യയെ പണ്ടാരം എന്ന് വിളിക്കുന്നത്‌ ശരിയാണോ..? അത് പോട്ടെ..അപ്പൊ ഭാര്യക്ക് മണം കിട്ടില്ലേ..?"
"ഹേയ്...ഇത് വോഡ്ക..മണം കുറവാ..പിന്നെ ഏലക്കാ, ഗ്രാമ്പൂ..അതൊക്കെ ചവക്കും.."
മാലാഖ - "മദ്യം വീട്ടിലെവിടെയാ ഒളിപ്പിക്കുക..?"
"അതോ..അരിപാത്രതിന്റെ പുറകിൽ...അല്ലെ വിറകു പുരയുടെ മുകളിൽ.."
മാലാഖ - "ശരി.."
"കുമ്പസാരിച്ചു കഴിഞ്ഞു മാലാഖേ..എനിക്കൊരു ആഗ്രഹം കൂടിയുണ്ട്.."
മാലാഖ - "എന്താ..?"
"എനിക്ക് മാലാഖേടെ കയ്യൊന്നു മുത്തണം. ഞങ്ങള് നസ്രാണികൾക്ക് ഇത് ശീലമാ..ഒന്നുകിൽ മെത്രാന്റെ..അല്ലെ കർദിനാളി ന്റെ വലത്തേ കൈ മുത്തും..മുത്തുമ്പോ ഞങ്ങൾക്കും മുത്തം കിട്ടുമ്പോ അവർക്കും ഒരു സന്തോഷം.."
മാലാഖ തന്റെ വലത്തേ കൈയ് നീട്ടി. "ഇന്നാ മുത്ത്‌.."
ഞാൻ മാലാഖയുടെ കൈയില് മുത്തി.
"മാലാഖ രാത്രി മത്തിക്കറി കൂട്ടിയാണോ ചോറുണ്ടത് ..?"
"എന്ത് പറ്റി..?" മാലാഖ ചോദിച്ചു..
"അല്ല..മാലാഖയുടെ കൈയ്യേല് മത്തിക്കറി മണക്കുന്നുണ്ട്.."
മാലാഖ പിന്നീടൊന്നും മിണ്ടിയില്ല.
ഞാൻ വിളിച്ചു.."മാലാഖേ..പോയോ..?"
നിശബ്ദം...ഞാൻ കണ്ണ് തുറന്നു നോക്കി..മാലാഖ പോയിരിക്കുന്നു..
അപ്പോൾ എന്റെ ഇടതു വശത്ത് നിന്നും - പുതപ്പിന് അടിയിൽ നിന്നും ഒരു അശ്ശ:രീരി ഉയർന്നു ..
"നാളെ നേരം വെളുക്കട്ട്..നിങ്ങളെ പകലുംവെട്ടത്തു നിർത്തി ബാക്കി കൂടി ഞാൻ കുമ്പസാരിപ്പിക്കുന്നുണ്ട്.."
അതവളുടെ ശബ്ദമായിരുന്നു..

ഗുണപാഠം : രാത്രിയിൽ അടങ്ങി ഒതുങ്ങി കിടന്നു ഉറങ്ങിക്കോണം..സ്വപ്നം കാണരുത്..ഇനി കണ്ടാൽത്തന്നെ മനസ്സില് കിടക്കേണ്ട കാര്യങ്ങൾ വിളിച്ചു കൂവരുത്..പെണ്ണുമ്പിള്ള പിടിച്ചു പൊറോട്ട അടിക്കും.

No comments:

Post a Comment