ഓഫീസിൽ നിന്നും നേരത്തേ ഇറങ്ങി.
പാർക്കിംഗിൽ നിന്ന് ബൈക്കെടുക്കുമ്പോൾ അതാ പാഞ്ഞ് പോകുന്നു ഇന്നലെ ഇടിച്ചിട്ട് നിർത്താതെ പോയ ആ അമേരിക്കൻ ആൻറി.
കണ്ടാൽ ഷക്കീലാൻറിയെപ്പോലെ.
കണ്ണടച്ച് തുറക്കും മുൻപേ അടുത്ത പഞ്ചായത്തിൽ!
ആ മാതിരി പോക്ക്.
ഞാൻ ബൈക്ക് വേഗം സ്റ്റാർട്ട് ചെയ്തു.
നിന്നനിൽപ്പിൽ ബൈക്ക് വീശിയെടുത്തതാ.
ദേ കിടക്കുന്നു ഞാനും ബൈക്കും താഴെ.
"മനുഷ്യനെ കൊല്ലാനായി ഓരോ പണ്ടാരങ്ങൾ ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും"
വേദന കടിച്ചമർത്തി ഞാനവളെ പ്രാകി.
രണ്ട് ദിവസത്തെ ഹോസ്പിറ്റൽ വാസം.
കർത്താവിന് സ്തുതി.
എല്ലൊടിഞ്ഞില്ല.
എങ്കിലും നടുവിന് പണികിട്ടി.
വിട്ടുമാറാത്ത നടുവേദന.
സുന്ദരിമാരായ നേഴ്സുമാർ ചുറ്റിലും ഉണ്ടെങ്കിലും 'തോമാ നിങ്ങളുടെ കേസൊക്കെ അവധിയ്ക്ക് വെക്ക്വാ'.
നേരെ ഇരിക്കാൻ പറ്റണില്ല;
പിന്നെയാ വായ്നോട്ടം !
പത്ത് ദിവസം ഫിസിയോ തെറാപ്പിയും IFT,UST ചെയ്തുകഴിഞ്ഞ് എക്‌സസൈസും ചെയ്താൽ വേദനയൊക്കെ പോകും എന്ന് ഓർത്തോയിലെ ഡോക്‌ടർ പറഞ്ഞു.
"IFT,UST എന്താ?"
"അതൊക്കെ അവിടെ ചെല്ലുമ്പോൾ മനസിലാകും"
ഫിസിക്കൽ ഡിപ്പാർട്ട്‌മെൻറിലെ റിസപ്ഷനിൽ പേര് വിളിക്കുന്നതും കാത്ത് ഞാനിരുന്നു.
അൽപ്പ സമയത്തിനകം പേര് വിളിച്ചപ്പോൾ ഞാൻ അകത്തേക്ക് ചെന്നു.
വാതിൽക്കൽ ട്രീറ്റ് മെൻറ് കാർഡും പിടിച്ച് ഒരു പെൺകൊച്ച് ചിരിച്ചു കൊണ്ട് നിൽക്കുന്നു.
"ദേ ആ മുറിയിൽ പോയി കിടന്നോ"
അവൾ ഒരു മുറി ചൂണ്ടിക്കാണിച്ച് പറഞ്ഞു.
ഞാൻ ആ മുറിയിലേക്ക് പോയി.
ആ പെൺകൊച്ചും കൂടെ വന്നു.
"എവിടയാ വേദന"
അവൾ ചോദിച്ചു.
"ബാക്ക് പെയ്‌നാ" ഞാൻ പറഞ്ഞു.
"പാൻറൽപ്പം താഴ്ത്തി ആ കട്ടിലിൽ കമിഴ്ന്ന് കിടന്നോ.."
അവൾ പറഞ്ഞു.
അയ്യേ!!!
ഒരു പെൺകൊച്ചിൻറെ മുന്നിൽ പാന്‍റ് ഒക്കെ താഴ്ത്തി കിടക്കുകയെന്ന് വെച്ചാൽ!!
ചെ!! നാണക്കേട്!!
"നാണിക്കുകയൊന്നും വേണ്ട അൽപ്പം താഴ്ത്തി കിടന്നോ.."
അൽപ്പം മടിച്ച് പാൻറ് താഴ്ത്തി കട്ടിലിൽ കയറി കിടന്നു.
"ഏത് ഭാഗത്താ വേദന ...?"
"ഇടതു വശത്താണ്"
കമഴ്ന്നു കിടന്ന എൻറെ നടുവിലേക്ക് അവൾ അവിടെ ഇരുന്ന ഉപകരണത്തിൽ നിന്ന് മൂന്നാല് വയർ എടുത്ത് ഒട്ടിച്ചു വെച്ചു.
"ഈ IFT,UST എന്നൊക്കെ പറഞ്ഞാൽ എന്താ?"
"ഇതിപ്പോൾ ചെയ്യുന്ന ട്രീറ്റ്മെന്റിൻറെ പേരാ..
നമ്മളിപ്പോൾ ചെയ്യുന്നത് വേദനയുള്ളടത്തേക്ക് കുറച്ച് കരണ്ട് കയറ്റി വിടുന്നതാ..
ഞാനിതിൻറെ ഇൻറൻസിറ്റി കൂട്ടാൻ പോകുവാ..
ഇത് ഒട്ടിച്ചു വെച്ചിടത്ത് തരിപ്പു പോലെ തോന്നും..."
അവൾ പറഞ്ഞു.
"ഉം..." ഞാൻ മൂളി..
"ഞാൻ ഇന്‍റൻസിറ്റി കൂട്ടകയാ..
കൂടുതൽ ആവുകയാണങ്കിൽ പറയണം"
"ഉം..."
"കൂടുതലുണ്ടോ..."
"ഇല്ല"
"മതിയോ.."
"മതി"
കട്ടിലിൽ ഒരു ബെൽ വെച്ചിട്ട് അവൾ പറഞ്ഞു.
"എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണങ്കിൽ ബെൽ അടിച്ചാൽ മതി""
കർത്താവേ കല്യാണം പോലും കഴിച്ചിട്ടില്ലാത്ത എൻറെ നടുവിലൂടെ ഒക്കെ കരണ്ട് കയറ്റി വിട്ടെന്ന് അറിഞ്ഞാൽ നാട്ടുകാരൊക്കെ എന്തെല്ലാം പറയും!!!
കെട്ട്പ്രായം തികഞ്ഞ ഒരുത്തനെ കരണ്ടൊക്കെ അടുപ്പിച്ച് എങ്ങാനും ആൾക്കാരറിഞ്ഞാൽ എൻറെ വിവാഹ സ്വപ്നങ്ങൾ ഗോവിന്ദ !!!
തലയ്ക്ക് അസുഖം വരുന്നവർക്ക് അത് മാറാൻ ഷോക്ക് അടിപ്പിക്കുന്നതൊക്കെ സിനിമയിൽ കണ്ടിട്ടുണ്ട്.
നടുവിന് കരണ്ട് അടിപ്പിക്കുവാണന്ന് ഈ പെൺകൊച്ച് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
ഹൊ!! ഏതായാലും ഒരു നിമിഷത്തേക്ക് എൻറെ നല്ല ജീവൻ പോയി.
നടുവിന് കരണ്ടൊക്കെ അടിപ്പിക്കുമെന്ന് ഈ സിനിമാക്കാരും സീരിയലുകാരും അറിയാത്തത് നന്നായി.
അല്ലങ്കിൽ അവന്മാർ ഈ വയറൊക്കെ നടുവിന് ഒട്ടിച്ച് വെച്ച് ഒരുത്തനെ കാണിച്ച് ഡി.റ്റി.എസ് സൗണ്ട് ഇഫക്റ്റിൽ അലയും അഞ്ചാറും കാലിട്ടടിക്കലും ഒക്കെ കാണിച്ചേനെ.
"എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?"
വീണ്ടും ആ പെൺകൊച്ച് ചോദ്യമായി എത്തി.
"ഇല്ല..."
അവൾ തിരിച്ചു പോയി..
പതിനഞ്ച് മിനിട്ടു കഴിഞ്ഞപ്പോൾ മെഷീനിൽ നിന്ന് ഒരു അലാം മുഴങ്ങി.
നടുവിലേക്കുള്ള തരിപ്പ് നിന്നു.
അവൾ പെട്ടന്ന് വന്നു.
പ്ലാസ്റ്ററും വയറും എടുത്ത് മാറ്റി.
"ഈ പാൻറ് അൽപ്പം കൂടി ഒന്ന് താഴേക്ക് മാറ്റിയേ..."
അവൾ ആവശ്യപ്പെട്ടു.
കർത്താവേ!! വീണ്ടും എന്താണാവോ !!
ഇനിയും പാൻറൊക്കെ താഴ്ത്തിയാൽ ഈ പെൺകൊച്ച് എൻറെ ഷഡ്ഢിയൊക്കെ കണ്ടാൽ.....
അയ്യേ മാനക്കേട്.
ശ്ശൊ!! ഇങ്ങനെയൊക്കെ ആണന്ന് അറിഞ്ഞായിരുന്നെങ്കിൽ ഇതിന്നൊന്നും വരത്തതുപോലും ഇല്ലായിരുന്നു...
ഈ കോളേജ് 'യോ-യോ' പിള്ളാരെ സമ്മതിക്കണം.
അവന്മാർ എന്ത് കൂളായിട്ടാ നാട്ടുകാരുടെ മുന്നിലൂടെ ഷഡ്ഢി കാണിച്ച് നടക്കുന്നത്!
കൂട്ടം കൂടി പെൺപിള്ളാരെ കമൻറടിക്കുന്നത് പോലെയല്ല ഒരു പെണ്ണിൻറെ മുന്നിൽ ഒറ്റയ്ക്ക് പെട്ട് പോകുന്നതെന്ന് കുറേക്കാലം മുന്നേ മനസിലായതാ...
ദാ ഇപ്പോൾ ഈ പെൺകൊച്ചിൻറെ മുന്നിൽ....
"ഇവിടെ ആണുങ്ങൾ ആരുമില്ലേ...?
"ഇല്ല.... എന്തേ... ഞാൻ പോരാന്നുണ്ടോ?"
"ഏയ് ഒന്നൂല്ല. കാര്യങ്ങൾ നടക്കട്ടെ."
"എന്നാൽ പറയുന്നത് കേട്ടേ.
പാൻറ് അൽപ്പം കൂടി ഒന്ന് താഴേക്ക് ഇറക്ക്..."
ഒരു അപരിചിതയായ ഒരു പെൺകുട്ടിയുടെ മുന്നിൽ ഇങ്ങനെ കിടക്കേണ്ടി വരുകയെന്ന് വെച്ചാൽ !!!
മനസില്ലാ മനസോടെ അവൾ പറഞ്ഞത് പോലെ ചെയ്തു.
"ഇവിടെയാണോ വേദന..."
അവൾ നടുവിൽ ഓരോ ഭാഗത്തും തൊട്ടു കൊണ്ട് ചോദിച്ചു..
"അവിടെ.. അവിടെ.."
ഞാൻ പറഞ്ഞു.
അവൾ ഓയിൻറ്മെൻറും വേറെ എന്തോ കൂടി അവിടേക്ക് തേച്ചിട്ട് ഒരു ഉപകരണം വെച്ച് മസാജ് ചെയ്തു.
കോട്ടൺ കൊണ്ട് ദേഹത്ത് പറ്റിയിരിക്കുന്ന ഓയിൻറ്മെൻറ് തൂത്ത് ഡെസ്റ്റ് ബിന്നിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു
"കഴിഞ്ഞു.. എഴുന്നേറ്റോളൂ."
അവൾക്ക് മുഖം കൊടുക്കാതെ എഴുന്നേറ്റ് പാൻറിൻറെ സിബ്ബും വലിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി.
പോലീസുകാരുടെ ഉരുട്ടലിൽ നിന്ന് രക്ഷപെട്ട കള്ളനെപ്പോലെ ഞാൻ ഒരു ദീർഘശ്വാസം വിട്ടു.
അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു.
രണ്ടൂം മൂന്നും ദിവസം കഴിഞ്ഞപ്പോഴേക്കും അപരിചതത്വത്തിൻറെ മഞ്ഞ് ഉരുകി കഴിഞ്ഞിരുന്നു.
നാലാം ദിവസം അവൾ പറയാതെ തന്നെ ഞാൻ പാൻറ് താഴ്ത്തി കട്ടിലിൽ കിടന്നു.
അന്നാണ് ഞാൻ അവളെ ശരിക്ക് ശ്രദ്ധിക്കുന്നത്.
അവളുടെ മുഖത്ത് എപ്പോഴും ഉള്ള ചിരിക്ക് എന്നെ നോക്കി ചിരിക്കുമ്പോൾ കൂടുതൽ പ്രകാശമുണ്ടോ??
വെറുതെ ഒരു സംശയം
അഞ്ചാറ് മാസമായി പല പെണ്ണുങ്ങളേയും പെണ്ണുകാണാൻ പോയ എനിക്ക് ഇങ്ങനെ മനോഹരമായി ചിരിക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിഞ്ഞില്ല.
ഇവളെ ആയിരിക്കുമോ ദൈവം എനിക്കായി സൃഷ്ടിച്ചിരിക്കുന്നത്?
പരസ്പരം കാണാൻ ഉള്ള നിമിത്തമാണോ എനിക്ക് വന്ന ഈ നടുവ് വേദന?
ദൈവം അറിയാതെ ഒരു പ്രണയവും ഇവിടെ നടക്കുന്നില്ലല്ലോ!
ഏതായാലും പോകുന്നതിന് മുമ്പ് ഈ പെൺകൊച്ചിൻറെ ഫുൾ ഡീറ്റയിൽസ് അറിയുക തന്നെ.
ഏതായാലും എന്നെ അവൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ വഴിയില്ല.
എന്നെ കാണുമ്പോൾ അവളുടെ കണ്ണുകൾ വലുതാകുന്നുണ്ടോ??
അവൾക്ക് അൽപ്പം സ്നേഹം ഉണ്ടോ?
അതോ എല്ലാം തോന്നലുകൾ മാത്രമാണോ??
ഒരിക്കലും ഇത്തരം കാര്യങ്ങളിൽ അശുഭ വിശ്വാസി ആകാൻ പാടില്ല...
ശുഭാപ്തി വിശ്വാസ ഉണ്ടങ്കിലേ മുന്നോട്ട് പോകാന്‍ പറ്റൂ...
ഏതായാലും ഫിസിയോ തെറാപ്പി കഴിയുന്ന പത്താം ദിവസം അവളോട് ഇഷ്ടം തുറന്ന് പറയണം...
ആറാം ദിവസം...
ഓയിൻറ്മെൻറ് തേച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ അടക്കിയ ചിരി ഞാൻ കേട്ടു.
എന്തിനാ ചിരിക്കുന്നതെന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ ചോദിച്ചില്ല.
എട്ടാം ദിവസം...
ഇന്നലെത്തേതിനേക്കാൾ അൽപ്പം ഉറക്കെയായിരുന്നു അവളുടെ ചിരി.
അടക്കിപ്പിടിച്ചത് പോലെയുള്ള അവളുടെ ചിരി ഒന്ന് കാണണമെന്ന് ആഗ്രഹം തോന്നിയെങ്കിലും കമിഴ്ന്ന് കിടക്കുന്നതുകൊണ്ട് കാണാനായില്ല.
പക്ഷേ ചിരിയുടെ കാരണം ചോദിക്കാതിരിക്കാൻ എനിയ്ക്ക് കഴിഞ്ഞില്ല.
"എന്തിനാ ചിരിക്കുന്നത്..."
"ഏയ്.. ഒന്നുമില്ല..
ഞാൻ വേറെന്തോ ആലോചിച്ച് ചിരിച്ചു പോയതാ..."
അന്ന് ട്രീറ്റ്മെൻറ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
അവളുടെ ചിരിക്ക് മറുപടിയായി ഞാനും ചിരിച്ചു.
"ഇനി നാളെ കാണാം.."
ഞാൻ പറഞ്ഞു.
അവൾ ഒന്നു ചിരിക്കുക മാത്രം ചെയ്തു.
അന്നു രാത്രി..
കഴിഞ്ഞ എട്ട് ദിവസങ്ങളേയും ഞാൻ മനസിലിട്ട് റിവൈൻഡ് ചെയ്തു.
അവളുടെ ഓരോ ചലനങ്ങളും ഫോർവേഡും റിവൈൻഡും ഒക്കെ അടിച്ച് സൂം ചെയ്ത് ഞാൻ മനസിൽ നിരീക്ഷണം നടത്തി.
അവളുടെ ഏതൊക്കെ ചലനങ്ങളിലാണ് എന്നോടുള്ള ഇഷ്ടം അടങ്ങിയിരിക്കുന്നത്?
അവളുടെ ഓരോ നോട്ടവും ചിരിയും മനസിൽ വിശകലനം ചെയ്തു.
അവസാനം ഞാൻ ഒരു നിഗമനത്തിൽ എത്തി.
അതെ അവൾക്കും എന്നോട് ഇഷ്ടമുണ്ട്.
ഞാൻ മനസ് തുറക്കുന്നതും കാത്തിരിക്കുകയാണ് അവൾ..
ഒൻപതാം ദിവസം....
എൻറെ നടുവിൻറെ വേദന കുറഞ്ഞെങ്കിലും ഹൃദയ വേദന കൂടിക്കൂടി വന്നു.
അവളന്നും ചിരിച്ചു.
വീണ്ടും ഞാൻ കാരണം ചോദിച്ചു.
മറുപടി വെറും ചിരി മാത്രം!
അവസാനം ആ ദിവസം വന്നു.
പത്താം ദിവസം.
എൻറെ ട്രീറ്റ്മെൻറ് ഇന്ന് തീരും.
നെഞ്ചിലെ പ്രണയ വേദന കടിച്ചമർത്തിയാണ് ഞാൻ ഫിസിയോ തെറാപ്പിക്കായി ചെന്നത്.
ഇന്ന് എൻറെ നെഞ്ചിലെങ്ങാനും ഇ.സി.ജി മെഷീൻ ഘടിപ്പിച്ചായിരുന്നെങ്കിൽ ഗ്രാഫ് വരയ്ക്കാൻ കൂലിക്ക് വേറെ ആളെ വെക്കേണ്ടി വന്നേനെ!!!
ഞാൻ അവളുടെ വരവ് പ്രതീക്ഷിച്ച് കട്ടിലിൽ കിടന്നു.
അവൾ വരുന്നത് ഞാൻ കണ്ടു.
എൻറെ നെഞ്ചിടിപ്പ് കൂടി.
ഞാൻ തല ഉയർത്തി അവളെ നോക്കി.
അവളുടെ മുഖത്ത് ഒരു മ്ലാനത തോന്നുന്നുണ്ടോ?
അവളുടെ ചിരിക്ക് അൽപ്പം മങ്ങലുള്ളത് പോലെ!
അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടോ?
എന്നും ആദ്യം ചെയ്യുന്നത് കരണ്ട് അടിപ്പിക്കലായിരുന്നു.
പിന്നീട് ആയിരുന്നു ഓയിൻറ്മെൻറ് തേയ്ക്കുന്നത്.
പക്ഷേ ഇന്ന് ആദ്യം ഓയിൻറ്മെൻറ് തേച്ചവൾ മസാജ് ചെയ്യുന്നു.
അവൾ തന്നെ പാൻറ് അൽപ്പം കൂടി ഇറക്കിയിട്ടു.
അവളുടെ ചിരി വീണ്ടും കാതുകളിൽ നിറഞ്ഞു.
ഹോ! സമാധാനമായി.
എൻറെ മനസ് തണുത്തു.
അവളുടെ ചിരി കേട്ടല്ലോ!
എന്നത്തേയും പോലെ ഞാൻ ഇന്നും ചോദിച്ചു.
ഉത്തരം കിട്ടില്ല എന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെ.
"എന്തിനാ ചിരിക്കുന്നത്?"
"ഏയ് ചുമ്മാ ചിരിച്ചതാ..."
എന്ന് മറുപടി പറയും എന്ന് ഞാൻ കരുതി.
"പിന്നെ പറയാം....."
അങ്ങനെ ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചതേയില്ല.
അപ്പോ അവൾക്ക് എന്നോട് എന്തോ പറയാനുണ്ട്.
അച്ഛൻ ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ !!!!
ദേഹത്ത് നിന്ന് ഓയിൻറ്മെൻറ് കോട്ടണിൽ തൂത്ത് ഡസ്റ്റ് ബിന്നിൽൽ ഇട്ടിട്ട് അവൾ പോകുന്നത് ഞാൻ കണ്ടു.
പോകുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നോ??
കരണ്ട് അടിപ്പിക്കാൻ വന്നത് വേറെ ആൾ ആയിരുന്നു.
അവൾ എവിടെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.
പതിനഞ്ച് മിനിട്ടുകൾ പതിനഞ്ച് മണിക്കൂറുകൾ ആയിട്ട് തോന്നി.
ഒരു പക്ഷേ ഞാൻ പോകുന്നത് കാണാനുള്ള സങ്കടം കൊണ്ട് അവൾ മാറിയതായിരിക്കും.
അവളെ കണ്ടില്ലങ്കിൽ എങ്ങനെ പ്രണയം തുറന്ന് പറയും?
പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ മെഷീനിൽ നിന്നുണ്ടായ അലാം ജീവിതത്തിൻറെ അവസാന വിസിൽ ആയിട്ടാണ് എനിക്ക് തോന്നിയത്.
അവളെ കാണാതെ പോകേണ്ടി വരികയെന്നു വെച്ചാൽ...
എന്നോട് പിന്നെ എന്തോ പറയാം എന്ന് പറഞ്ഞ് പോയതാണവൾ.
അവളെ പ്രതീക്ഷിച്ച് ഞാൻ കുറച്ച് സമയം കൂടി അവിടെ നിന്നു.
"ചേട്ടാ വേഗം ഇറങ്ങ്...അടുത്ത പേഷ്യൻറിന് കയറാനുള്ള സമയമായി..."
ഒരുത്തി വന്നു പറഞ്ഞു.
അവളുടേ മുഖത്തേയ്ക്ക് രണ്ട് കുത്ത് കൊടുക്കാനാ എനിക്ക് തോന്നിയത്.
പിന്നെ ആലോചിച്ചു വേണ്ട വെറുതെ എന്തിന് ഇവളുടെ കയ്യീന്ന് അടി മേടിക്കണം!
ഞാൻ ചിന്താ വിവശനായി എഴുന്നേറ്റു.
ശ്ശോ! ഒരു നിമിഷത്തേയ്ക്ക് അവളെ ഒരിക്കൽ കൂടി ഒന്ന് കണ്ടിരുന്നെങ്കിൽ!
അവളുടെ സഹപ്രവർത്തകർ എന്നെ നോക്കുന്നത് കണ്ടു.
അവരുടെ മുഖത്ത് അടക്കി പിടിച്ച ചിരി ഉണ്ടോ???
ഏയ് ഒരു പക്ഷേ വെറും തോന്നലായിരിക്കും.
പക്ഷേ അവൾ എവിടെ പോയി?
ഇനി നിന്നിട്ട് കാര്യമില്ല.
കർത്താവ് ഈശോ തമ്പുരാൻ എല്ലാത്തിനും ഒരു വഴി കാണിച്ചു തരും എന്ന് മനസിനെ ആശ്വസിപ്പിച്ചു കൊണ്ട് ഞാൻ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്‌മെൻറിൻറെ വാതിൽ കടന്ന് പുറത്തേക്കിറങ്ങി.
ഞാൻ ഒന്നുകൂടി തിരിഞ്ഞ് നോക്കി.
അവൾ അവിടെയെങ്ങാനും ഉണ്ടോ?
ഇല്ല..അവൾ ഈ പഞ്ചായത്തിലേ ഇല്ല എന്ന് തോന്നി.
ഞാൻ ഇടനാഴി കടന്ന് ആശുപത്രിക്ക് വെളിയിലേക്കിറങ്ങി.
"ശ്ശ്...ശ്ശ്...ശ്ശ്..."
പെട്ടെന്ന് ഒരു പിൻ വിളി.
ഞാൻ തിരിഞ്ഞ് നോക്കി.
അതാ അവൾ!!!
എൻറെ മാലാഖ ചിരിച്ചു കൊണ്ട് വരുന്നു.
എന്തോ അവളുടെ കയ്യിൽ ഉണ്ട്.
അവൾ കൈയ്യിലിരുന്ന ആ പായ്ക്കറ്റ് എൻറെ നേരെ നീട്ടി.
"എൻറെയൊരു ഗിഫ്റ്റ് ആണ്..വാങ്ങിച്ചോളൂ..."
പ്രേമം തുറന്ന് പറയും മുൻപേ പ്രണയിനി ഗിഫ്റ്റ് തരികയെന്ന് വെച്ചാൽ.....
ഹോ കർത്താവേ.. നീയെനിക്ക് ക്രിസ്മസ് ബമ്പറും കാരുണ്യ ലോട്ടറിയും കൂടി ഒന്നിച്ച് തരികയാണോ!!
ആകാംഷയും അതിലേറെ അൽഭുതവുമായി ഞാനവളെ തന്നെ നോക്കി നിന്നു.
ആ ചിരിയ്ക്ക് എൻറെ നടുവിലേയ്ക്ക് കടത്തിവിട്ട കരണ്ടിനേക്കാൾ ഇൻറൻസിറ്റി.
"ഏയ് സാവീ... ഇത് വാങ്ങൂ"
ങ്ങേ! എന്നെ അവൾ പേര് വിളിക്കുന്നു!
ഇത് വരെ വിളിച്ചിരുന്നത് സോണി സാവിയോ ഫെർണാണ്ടസ് എന്ന എൻറെ രജിസ്റ്റർ നെയിം.
"ആര് പറഞ്ഞ് തന്നു സാവി എന്ന പേര്?"
"അതൊക്കെ അറിയാം"
"എന്തിനാ ഗിഫ്റ്റ്?"
ഉള്ളിൽ നിറഞ്ഞ സന്തോഷം പുറമേ പ്രകടിപ്പിക്കാതെ ഞാൻ സ്വാഭാവികതയോടെ ചോദിച്ചു.
"എല്ലാം ഇതിനകത്ത് എഴുതിയിട്ടുണ്ട്...നാളെയേ തുറക്കാവൂ.. ഓക്കെ?
"ഡബിൾ ഓക്കെ"
അവൾ വാച്ചിൽ സമയംനോക്കിയിട്ട് തിരിഞ്ഞ് നടന്നു.
അവൾ നൽകിയ ഗിഫ്റ്റും പിടിച്ചങ്ങനെ ഞാൻ മരവിച്ച് നിന്നു.
അവൾ എന്തായിരിക്കും ഇതിൽ വെച്ചിരിക്കുന്നത്?
ഹൃദയത്തിൻറെ പടമുള്ള ഗ്രീറ്റിംഗ് കാർഡായിരിക്കും ചിലപ്പോൾ.
അല്ലങ്കിൽ പ്രണയിക്കുന്ന രണ്ടു പേരുടെ പടമായിരിക്കാം.
അതും അല്ലെങ്കിൽ ചെറിയ ടെഡി ബെയർ പോലെ എന്തെങ്കിലും പാവക്കുട്ടി ആയിരിക്കാം.
ഏതായാലും ഗിഫ്റ്റിൻറെ കനം കണ്ടിട്ട് ഗ്രീറ്റിംഗ് കാർഡൊന്നും ആകാൻ വഴിയില്ല.
ഹോസ്പ്പിറ്റലിൽ നിന്ന് ആറ് കിലോമീറ്റർ അകലെ വീട് കൊണ്ട് വെച്ച ഡാഡിയെ ഞാൻ മനസിൽ തെറി പറഞ്ഞു.
ആറ് കിലോമീറ്റർ ദൂരം ആറായിരം കിലോമീറ്റർ ദൂരമായിട്ടാണ് തോന്നിയത്.
വീട്ടിലേക്ക് കയറുമ്പോഴേ കണ്ടു ഡാഡിയും മമ്മിയും എൻറെ വരവ് കാത്തിരിക്കുകയാണ്.
വീട്ടിലേക്ക് കയറിയതും മമ്മി പറഞ്ഞു.
"മോനേ സാവീ, ആ തോമ്മാച്ചൻ പറഞ്ഞ ആ കുട്ടിയില്ലേ..അവളുടെ വീട്ടീന്ന് ഇപ്പോ വിളിച്ചായിരുന്നു.
ഒന്ന് പോയി കണ്ടാലോ?"
"പിന്നെയാവട്ടേ മമ്മീ"
"എന്ത് പിന്നെ...?"
"അതിപ്പോ.. നമുക്ക് ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട്.."
"അതിനിത്ര ആലോചിക്കാൻ എന്ത് ഇരിക്കുന്നു... നമുക്ക് ആദ്യം ആ കുട്ടിയെ ഒന്ന് കാണാം."
"മമ്മീ പ്ലീസ് എനിക്ക് ഒരു മൂഡില്ല."
"ഞങ്ങൾ പറഞ്ഞ ഏത് കുട്ടിയേയും നീ കെട്ടിക്കോളാം എന്ന് പറഞ്ഞിട്ട്!!"
ഡാഡിയുടെ വക ഡയലോഗ്.
"ഇല്ലെന്ന് ഇപ്പഴും പറഞ്ഞില്ല ഡാഡീ."
"നിനക്ക് തോന്നുമ്പോൾ ചെല്ലാൻ ഇത് സിനിമയ്ക്ക് പോകുന്ന ഏർപ്പാടല്ല."
"ചങ്കിൽ കുത്താതെ ഡാഡീ... ഇപ്പോ ഒരു പെണ്ണ് ഹൃദയത്തിൽ കോരിയിട്ട പ്രണയത്തിൻറെ വേദന ഒന്നു മാറ്റട്ടെ.."
എന്ന് മനസിൽ പറഞ്ഞ് ഞാൻ മുറിക്കകത്തേക്ക് കയറി വാതിൽ അടച്ചു.
"അവൻ വല്ല FB പെണ്ണുങ്ങളേയും വളച്ചോണ്ടിരിക്കുകയായിരിക്കും!"
ഡാഡി മമ്മിയോട് പറയുന്നത് കേട്ടു.
"ഹും തന്തമാർക്കും വിവരം വെച്ചു!"
ഞാൻ മനസിൽ പറഞ്ഞു.
അടുത്ത ദിവസം പതിവിലും നേരത്തേ എണീറ്റു.
അവൾ തന്ന ഗിഫ്റ്റ് അത് തന്നെ കാരണം.
തുടിക്കുന്ന ഹൃദയത്തോടെ അവൾ തന്ന ഗിഫ്റ്റ് തുറന്നു.
അതിനകത്ത് ഗ്ലാസ് പേപ്പറിൽ പൊതിഞ്ഞ അഞ്ച് ചെറിയ പായ്ക്കറ്റുകൾ.
അതും തുറന്നു.
ഓറഞ്ച്...
പച്ച...
മഞ്ഞ...
നീല...
കറുപ്പ്...
എന്നീ നിറങ്ങളിലായി...
മനോഹരമായി അടുക്കി വെച്ചിരിക്കുന്നു....
"അഞ്ച് വിഐപി അണ്ടർവെയറുകൾ..!!"
അതിനകത്ത് എഴുതി വെച്ചിരുന്ന കടലാസ് എടുത്ത് ഞാൻ വായിച്ചു.
"കഴിഞ്ഞ പത്തു ദിവസവും നിങ്ങൾ ഇട്ടുകൊണ്ട് വന്നത് ഒരു അണ്ടർവെയർ തന്നെ ആയിരുന്നു. ഇതിനകത്ത് അഞ്ച് എണ്ണം ഉണ്ട്.
ദിവസവും മാറിയില്ലങ്കിലും രണ്ട് ദിവസം കൂടുമ്പോഴെങ്കിലും ഓരോന്ന് മാറിയിട്ടുകൂടെ...?"
കർത്താവേ അപ്പോൾ അവൾ ചിരിച്ചത് കളിയാക്കിയാരുന്നല്ലേ??
അവളുടേത് കൊലച്ചിരി ആയിരുന്നു.
ചുവന്ന നിറം നുമ്മടെ പാർട്ടി.
ഒരു പാർട്ടി അനുഭാവി ആയ അന്ന് മുതൽ ചുവന്ന ഷഡ്ഡിയേ ഇടൂ എന്ന് ശപഥം ചെയ്തതാണ്.
എൻറെ ശപഥത്തിന് നേരെയാണ് അവൾ കൊഞ്ഞനം കുത്തിയത്.
ഇത് വെറുതെ വിട്ടുകൂടാ...
എൻറെ പ്രേമം ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി.
ഞാൻ വേഗം പുറത്തിറങ്ങി.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഹോസ്പിറ്റലിനെ ലക്ഷ്യമാക്കി കുതിച്ചു.
അവളെ അന്വേഷിച്ചു.
ലീവാണെന്നറിഞ്ഞു. പിന്നേ പുല്ല്. തോമ വീട്ടിൽ പോയി പൊക്കും.
റിസപ്ഷനിസ്റ്റിനെ ചാക്കിട്ട് അഡ്രസ് വാങ്ങി നേരെ അവളുടെ വീട്ടിലേയ്ക്ക് പാഞ്ഞു.
ഇന്ന് ഞാൻ ചെയ്യാൻ പോകുന്ന ക്രൂരകൃത്യം ഓർത്ത് എൻറെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു.
അവളുടെ വീട്ടിലേയ്ക്ക് എത്തിയപാടേ ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ ഞാനലറി.
"എടീ ജാൻസീ... നീയാരാടി ജാൻസീ റാണിയോ ?"
എൻറെ അലർച്ച കേട്ട് വീട്ടിലുള്ളവർ പുറത്തിറങ്ങി വന്നു.
കൂട്ടത്തിൽ.....
എൻറെ ഡാഡിയും മമ്മിയും!!
ഞാൻ ഞെട്ടി!
ഡാഡി ഞെട്ടി!!
മമ്മി ഞെട്ടി!!!
ആ വീട്ടുകാരും ഞെട്ടി!!!!
"പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ?"
അങ്ങനെയൊരു ചോദ്യം എൻറെയുള്ളിൽ ഒരു ഞെട്ടലിൻറെ അകമ്പടിയായി ഉയർന്നു.
"സാവീ എന്തായിത്...?"
"മമ്മീം ഡാഡിയും എന്താ ഇവിടെ..?"
"ഞങ്ങളാ കുട്ടിയെ കാണാൻ വന്നതാ.."
അപ്പോൾ ഇവളെ ആയിരുന്നോ മമ്മിയും ഡാഡിയും എനിക്ക് വേണ്ടി കണ്ടുവെച്ചിരുന്നത്.!
ഇനിയെന്ത് ചെയ്യും ഈ അലറിയതിന് എന്ത് സമാധാനം പറയും?
"നിൻറെ കയ്യിലെന്താ"
"ഒന്നൂല്ല മമ്മീ"
അവൾ തന്ന പായ്ക്കറ്റ് മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ് അങ്കം ജയിച്ച ചേകവനായി മടങ്ങാൻ വന്ന ഞാൻ ദേ നനഞ്ഞ കോഴിപ്പോലെ നിൽക്കുന്നു.
അവിടെ മുറ്റത്ത് ഞങ്ങളുടെ കാർ കിടക്കുന്നു.
നൈസായി ഞാനത് സൈഡ് ഗ്ലാസിനുള്ളിലൂടെ കാറിനകത്തിട്ടു.
അവൾടെ അപ്പൻ ഇറങ്ങി വന്ന് എന്നെ സ്വീകരിച്ചു.
"നിനക്കെന്താ ജാൻസി മോളെ ഇഷ്ടമല്ലേ?"
എന്തുത്തരം പറയും??
അൽപ്പം മുൻപ് അലറി വിളിച്ച എൻറെ നാവിറങ്ങിപ്പോയി.
ചായയുമായി വന്ന ജാൻസിയെ കണ്ടപ്പോൾ പുതുപ്പെണ്ണിന് ഇല്ലാത്ത നാണം എനിക്ക്.
അവൾ ചായ എൻറെ കയ്യിൽ തന്നിട്ട് പതിയെ ചോദിച്ചു.
ഷഡ്ഡി ഇഷ്ടായോ...!!"
No comments:
Post a Comment